ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഇന്ന് ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ ഈ വമ്പൻ പ്രതിരോധ സംഭരണ നിർദേശങ്ങൾ പരിഗണിക്കും. മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് കര, നാവിക, വ്യോമസേനകളുടെ ആധുനികവൽക്കരണത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതികൾക്ക് യോഗത്തിൽ അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കരസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി നിലവിൽ സേനയുടെ ഭാഗമായ കെ-9 വജ്ര 155 എംഎം സെൽഫ്-പ്രൊപ്പൽഡ് ഹോവിറ്റ്സറുകൾ കൂടുതൽ എണ്ണം വാങ്ങാൻ പദ്ധതിയുണ്ട്. ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ള ഇവയ്ക്കൊപ്പം കാമികേസ് ഡ്രോണുകൾ വാങ്ങുന്നതും പരിഗണനയിലുണ്ട്. ദീർഘനേരം ആകാശത്ത് തങ്ങി കൃത്യമായി ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ കഴിയുന്ന ഈ ഡ്രോണുകൾ ആധുനിക യുദ്ധതന്ത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ വെർബ മാൻപാഡ്സ്, വ്യോമപ്രതിരോധ തോക്കുകൾ, ടാങ്കുകൾക്കായുള്ള ആക്ടീവ് പ്രൊട്ടക്ഷൻ സിസ്റ്റങ്ങൾ എന്നിവയും പട്ടികയിലുണ്ട്.
നാവികസേനയ്ക്കായി പുതിയ തലമുറ ഹെവിവെയ്റ്റ് ടോർപിഡോകൾ, ആളില്ലാ ഉപരിതല കപ്പലുകൾ, അണ്ടർവാട്ടർ ഓട്ടോണമസ് വെഹിക്കിളുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ എന്നിവയും പരിഗണിക്കും. വ്യോമസേനയ്ക്കായി ദീർഘദൂര സ്റ്റാൻഡ്-ഓഫ് പ്രിസിഷൻ മിസൈലുകൾ, എയർ-ടു-എയർ റീഫ്യൂവലിംഗ് ടാങ്കറുകൾ, പുതിയ തലമുറ എയർ ഡിഫൻസ് റഡാർ സംവിധാനങ്ങൾ എന്നിവയും ചർച്ചയാകും. ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിന് കരുത്തേകുന്നതിനൊപ്പം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് തുടങ്ങിയ തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയ്ക്കും വലിയ ഉണർവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

