ന്യൂഡൽഹി: കായികരംഗത്തെ ഡോപ്പിങ് മാഫിയയെ പൂർണമായും ഇല്ലാതാക്കാൻ ദേശീയ ആന്റി-ഡോപ്പിങ് നിയമത്തിൽ നിർണായക ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഡോപ്പിങ് കേസുകൾക്ക് ക്രിമിനൽ സ്വഭാവം നൽകുന്നതിലൂടെ കായികതാരങ്ങളെ മാത്രമല്ല, ഡോപ്പിങ് പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ ശൃംഖലയെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
നിലവിൽ ഡോപ്പിങ് നിയമലംഘനം നടത്തുന്ന താരങ്ങൾക്കെതിരെ സസ്പെൻഷൻ, അയോഗ്യത തുടങ്ങിയ കായിക നടപടികൾ മാത്രമാണ് സ്വീകരിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ പരിശീലകർ, ട്രെയിനർമാർ, സപ്പോർട്ട് സ്റ്റാഫ്, നിരോധിത മരുന്നുകൾ എത്തിക്കുന്നവർ, വിതരണം ചെയ്യുന്നവർ തുടങ്ങി ഡോപ്പിങ്ങിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘത്തിനെതിരെയും കർശനമായ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥയുണ്ടാകും.
കഴിഞ്ഞ നാല് വർഷമായി ലോക അത്ലറ്റിക്സിൽ ഡോപ്പിങ് നിയമലംഘനങ്ങളിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022 മുതൽ 2025 വരെ മാത്രം 212 ആന്റി-ഡോപ്പിങ് ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താരങ്ങളെ മാത്രം ശിക്ഷിക്കുന്നത് പ്രശ്നത്തിന് ശാശ്വത പരിഹാരമല്ലെന്നും ഡോപ്പിങ്ങിന്റെ സംഘടിത ശൃംഖല തന്നെ തകർക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വിലയിരുത്തുന്നു. ഇതിനിടെ, 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ സാധ്യതയുള്ളവർക്ക് മാത്രമായിരിക്കും അവസരമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. സർക്കാർ ജോലി നേടാനുള്ള ഉപാധിയായി ഏഷ്യൻ ഗെയിംസിനെ കാണരുതെന്നും രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിക്കാൻ കഴിയുന്നവർക്ക് മാത്രമേ മുൻഗണന നൽകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

