ന്യൂഡൽഹി: മൊബൈൽ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള മെറ്റയുടെ നീക്കത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. കേന്ദ്രവുമായുള്ള കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഈ സംവിധാനം നടപ്പിലാക്കരുതെന്ന് കമ്പനിയോട് കർശനമായി നിർദേശിച്ചു. പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂസർനെയിമുകൾ ഉപയോഗിക്കുമ്പോൾ യഥാർത്ഥ തിരിച്ചറിയൽ മറച്ചുവെച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് സുരക്ഷാ ആശങ്കകൾക്ക് കാരണം. ഇത് ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ആൾമാറാട്ടം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാർ നോട്ടീസിൽ ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്ക് തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി മറച്ചുവെച്ച് ഉപയോക്താക്കളെ സമീപിക്കാൻ ഈ സംവിധാനം അവസരമൊരുക്കുമെന്ന ആശങ്കയാണ് അധികൃതർ പങ്കുവെക്കുന്നത്.
വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ നിലവിൽ 50 കോടിയിലധികം ഉപയോക്താക്കളാണുള്ളത്. ഈ സാഹചര്യത്തിൽ പുതിയ ഫീച്ചർ നടപ്പിലാക്കുന്നതിന് മുൻപ് സുരക്ഷാ, സ്വകാര്യതാ വശങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി സൈബർ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായ പരിശോധനകൾക്ക് ശേഷമേ ഇത്തരം മാറ്റങ്ങൾ അനുവദിക്കൂ എന്ന സൂചനയാണ് സർക്കാർ നൽകുന്നത്.

