ന്യൂഡൽഹി: ജൂലൈ ഒന്നുമുതൽ രാജ്യത്തെ പ്രധാന ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ നിർണായക മാറ്റങ്ങൾ നിലവിൽ വരുന്നു. സിറ്റി ബാങ്ക് കാർഡുകൾ ആക്സിസ് ബാങ്ക് പ്ലാറ്റ്ഫോമിലേക്ക് ലയിക്കുന്നതും യെസ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയുടെ റിവാർഡ് പോയിന്റ് ഘടനയിലെ മാറ്റങ്ങളുമാണ് പ്രധാനമായും നടപ്പിലാകുന്നത്. ബാങ്കിംഗ് മേഖലയിലെ ഈ പരിഷ്കാരങ്ങൾ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ജൂലൈ 15-ഓടെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ പൂർണ്ണമായും ആക്സിസ് ബാങ്കിന്റെ ഭാഗമാകും. നിലവിലുള്ള കാർഡ് നമ്പർ, പിൻ, കാലാവധി, സിവിവി എന്നിവയിൽ മാറ്റമുണ്ടാകില്ല. ബില്ലിംഗ് സൈക്കിളുകളും പേയ്മെന്റ് തീയതികളും പഴയതുപോലെ തന്നെ തുടരും. എന്നാൽ, റിവാർഡ് പോയിന്റുകൾ ആക്സിസ് ബാങ്ക് പ്ലാറ്റ്ഫോമുകൾക്ക് അനുസരിച്ചായിരിക്കും ലഭ്യമാവുക. പലിശ നിരക്കുകളും ആക്സിസ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും.
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സൗജന്യ ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്സസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. ഇനിമുതൽ ഒരു പാദത്തിൽ 35,000 രൂപ ചെലവഴിച്ചാൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. നേരത്തെ ഇത് 10,000 രൂപയായിരുന്നു. യെസ് മാർക്വീ, യെസ് സെലക്റ്റ്, യെസ് റിസർവ്, യെസ് ഫസ്റ്റ് പ്രിഫേർഡ്, യെസ് എലൈറ്റ് എന്നീ കാർഡുകൾക്കാണ് ഈ മാറ്റം ബാധകം. കൂടാതെ, എച്ച്എസ്ബിസി കാർഡ് ഉടമകൾക്ക് സർക്കാർ പേയ്മെന്റുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, നികുതി, യൂട്ടിലിറ്റി പേയ്മെന്റുകൾ എന്നിവയ്ക്ക് ഇനി റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. പെട്രോൾ പമ്പുകളിൽ നിന്നുള്ള ഇന്ധന അടിയ്ക്കും അധിക റിവാർഡ് പോയിന്റുകൾ ഒഴിവാക്കിയിട്ടുണ്ട്.

