ന്യൂഡൽഹി: സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള വിമാനയാത്ര മുടങ്ങി. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിയിട്ടും പ്രോട്ടോക്കോൾ ഏകോപനത്തിലുണ്ടായ വീഴ്ചയെത്തുടർന്നാണ് നിശ്ചയിച്ചിരുന്ന വിമാനം അദ്ദേഹത്തിന് ലഭിക്കാതെ പോയത്.
ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗവും വിമാനക്കമ്പനിയും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പിഴവ് മൂലം ബോർഡിങ് സംബന്ധിച്ച കൃത്യമായ അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര തടസ്സപ്പെടാൻ കാരണമായത്. നിശ്ചിത സമയത്തിന് മുൻപ് തന്നെ വിമാനത്താവളത്തിലെത്തിയ പിണറായി വിജയൻ ലോഞ്ചിൽ കാത്തിരുന്നെങ്കിലും ബോർഡിങ് നടപടികൾ പൂർത്തിയായ വിവരം അറിഞ്ഞില്ല. ഇതിനിടെ വിമാനം പുറപ്പെടുകയും ചെയ്തു.
സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. യോഗം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. സംഭവത്തിൽ വിമാനക്കമ്പനിയോ കേരള ഹൗസോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. വിമാനം നഷ്ടമായതിനെത്തുടർന്ന് രാത്രി 7.10-ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനാണ് പിണറായി വിജയന്റെ തീരുമാനം.

