തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത് ആഭരണപ്രേമികൾക്ക് ആശ്വാസമാകുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഈ കുറവോടെ വിപണിയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 7,230 രൂപയിലും പവന് 57,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,955 രൂപയായി. ഏറെ നാളായി മാറ്റമില്ലാതെ തുടർന്ന വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 105 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ കാര്യമായ ഇടിവാണ് ദൃശ്യമാകുന്നത്. വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ സ്വർണവില കൂടുതൽ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. നിലവിലെ വിപണിയിലെ ഈ പ്രവണത തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ കൂടുതൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണം. യുഎസ് ഡോളർ കൂടുതൽ കരുത്താർജിക്കുന്നതും, ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച് നൽകുന്ന സൂചനകളും നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 2,650 ഡോളർ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

