ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കുന്ന നീറ്റ്-യുജി പരീക്ഷയുടെ റീ-എക്‌സാമിന് മുന്നോടിയായി ഉദ്യോഗാർഥികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന ഉദ്യോഗാർഥികൾക്ക് എസ്എംഎസ്, ഇ-മെയില്‍, വാട്സ്ആപ്പ് എന്നിവയിലൂടെ ഔദ്യോഗിക സന്ദേശങ്ങൾ അയച്ചുവരികയാണെന്നും, വ്യാജ ലിങ്കുകളിലും തട്ടിപ്പ് സന്ദേശങ്ങളിലും വീഴരുതെന്നും ഏജൻസി വ്യക്തമാക്കി.
മെയ് 5-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് ചില കേന്ദ്രങ്ങളിലെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജൂണ്‍ 21-ന് വീണ്ടും പരീക്ഷ നടത്തുന്നത്. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രമേ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവൂ എന്ന് കർശന നിർദ്ദേശമുണ്ട്. പരീക്ഷാ പേപ്പറോ ഉത്തരസൂചിയോ വാഗ്ദാനം ചെയ്തോ, പണം ആവശ്യപ്പെട്ടോ ഉള്ള സന്ദേശങ്ങൾ എന്‍ടിഎ ഒരു കാരണവശാലും അയക്കില്ലെന്നും അധികൃതർ ആവർത്തിച്ചു.
ഇതിനകം പുതിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തവര്‍ വീണ്ടും അത് ചെയ്യേണ്ടതില്ല. എന്നാൽ, പരീക്ഷാകേന്ദ്രത്തിലും റോള്‍ നമ്പറിലും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ പഴയ അഡ്മിറ്റ് കാര്‍ഡുകള്‍ അസാധുവായിരിക്കും. അതിനാൽ ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും, തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും എൻടിഎ നിർദ്ദേശിക്കുന്നു.

