ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പരിമള്‍ നത്വാനി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രണവ് ഝായെ പരാജയപ്പെടുത്തിയാണ് നത്വാനി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഡ്യ സഖ്യത്തിനുള്ളില്‍ നടന്ന വോട്ട് ചോര്‍ച്ച വിജയത്തില്‍ നിര്‍ണായകമായി മാറി.
81 അംഗങ്ങളുള്ള ഝാര്‍ഖണ്ഡ് നിയമസഭയില്‍ വിജയത്തിന് 28 ഒന്നാം മുന്‍ഗണനാ വോട്ടുകളായിരുന്നു ആവശ്യമായിരുന്നത്. എന്‍ഡിഎ സഖ്യത്തിന് 24 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, അധിക വോട്ടുകള്‍ ലഭിച്ചതോടെ സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പിക്കാനായി. ഇന്‍ഡ്യ സഖ്യത്തിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ക്രോസ് വോട്ടിംഗ് സംഭവിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 20 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കൂടാതെ, മൂന്ന് വോട്ടുകള്‍ അസാധുവായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 28 വോട്ടുകള്‍ നേടി പരിമള്‍ നത്വാനി രാജ്യസഭാ സീറ്റില്‍ വിജയം ഉറപ്പിച്ചത്.
വ്യവസായിയും കോര്‍പറേറ്റ് എക്സിക്യൂട്ടീവുമായ പരിമള്‍ നത്വാനി ഇതോടെ നാലാം തവണയാണ് രാജ്യസഭയിലെത്തുന്നത്. വോട്ടെടുപ്പിലെ അപ്രതീക്ഷിത ഫലം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സഖ്യങ്ങള്‍ക്കിടയിലെ വോട്ട് ചോര്‍ച്ച വരും ദിവസങ്ങളിലും രാഷ്ട്രീയ നീക്കങ്ങളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

