ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന ഭീകര-ക്രിമിനൽ ശൃംഖല ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ തകർത്തു. കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ കഴിയുന്ന ഷെഹ്‌സാദ് ഭട്ടി, അജ്മൽ ഗുജ്ജർ എന്നിവരുടെ നിർദേശപ്രകാരമാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പഞ്ചാബ് വഴി അതിർത്തി കടത്തിക്കൊണ്ടുവരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും ലഹരിവസ്തുക്കളും ഡൽഹി-എൻസിആർ മേഖലയിലേക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം. ഓപ്പറേഷനിടെ അഞ്ച് പിസ്റ്റളുകൾ, 41 വെടിയുണ്ടകൾ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു സ്കോർപിയോ വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ വഴി യുവാക്കളെ സ്വാധീനിച്ച്, പണവും ആഡംബര ജീവിതവും വാഗ്ദാനം ചെയ്താണ് പ്രതികൾ ഇവരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. 2026 മെയ് മാസത്തിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മോഹിത് എന്നയാളെ ആദ്യം അറസ്റ്റ് ചെയ്തതോടെയാണ് ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ഡൽഹി, ഗാസിയാബാദ് എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ നിരീക്ഷിക്കുകയും അവയുടെ ദൃശ്യങ്ങൾ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് കൈമാറുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് പഞ്ചാബിലെത്തിക്കുന്ന ആയുധ-ലഹരി വസ്തുക്കൾ ശേഖരിച്ച് ഡൽഹിയിലേക്ക് കടത്തുന്ന ചുമതലയും ഇവർക്കുണ്ടായിരുന്നു. അറസ്റ്റിലായവർക്കെതിരെ കൊലപാതകം, കവർച്ച, ആയുധ നിയമലംഘനം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒളിവിലുള്ള പ്രതികളെയും ആയുധ വിതരണക്കാരെയും സാമ്പത്തിക സഹായം നൽകുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

