ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ സാധാരണക്കാർക്ക് മികച്ച ആരോഗ്യപരിപാലനം കുറഞ്ഞ ചെലവിലും എളുപ്പത്തിലും ലഭ്യമാക്കാൻ ഇന്ത്യക്ക് സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്’ നിലവിലുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് പോലും മികച്ച ചികിത്സ ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’ പോലുള്ള പദ്ധതികൾ വഴി സാധാരണക്കാർക്ക് ആവശ്യമായ മരുന്നുകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹൃദയസംബന്ധമായ ചികിത്സകൾക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകൾ, മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഇംപ്ലാന്റുകൾ എന്നിവയുടെ വില ഗണ്യമായി കുറഞ്ഞത് നിരവധി രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകളും സീറ്റുകളും ലഭ്യമാക്കിയതോടെ, മെഡിക്കൽ വിദ്യാഭ്യാസം നേടുന്നത് കൂടുതൽ വിദ്യാർത്ഥികൾക്ക് എളുപ്പമുള്ള കാര്യമായി മാറിയിട്ടുണ്ട്.
ആരോഗ്യമുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി ഇതുവരെ കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി കേന്ദ്ര സർക്കാർ കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വരും വർഷങ്ങളിലും കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

