കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായക മാറ്റങ്ങളുമായി സിപിഐ. ഡിഎംകെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ, തങ്ങളും ഡിഎംകെ സഖ്യത്തിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെ സഖ്യത്തോടൊപ്പം തുടരാൻ അനുകൂലമായ അന്തരീക്ഷമില്ലെന്ന് അദ്ദേഹം കോയമ്പത്തൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ പാർട്ടികളുമായി ചേർന്ന് തങ്ങളുടെ രാഷ്ട്രീയ യാത്ര തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെ, എഐഎഡിഎംകെ, ടിവികെ എന്നീ പാർട്ടികളെ ജനാധിപത്യ ശക്തികളായി കാണുന്നുണ്ടെങ്കിലും, നിലവിൽ ഡിഎംകെ സഖ്യത്തിൽ തുടരാൻ പാർട്ടിക്ക് കഴിയില്ലെന്ന് വീരപാണ്ഡ്യൻ വിശദീകരിച്ചു. വിസികെയും ഐയുഎംഎല്ലും നിലവിൽ ഈ സഖ്യത്തിലില്ലെന്നും സാഹചര്യങ്ങൾ സഖ്യത്തിന് അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും മറ്റ് തിരഞ്ഞെടുപ്പുകളിലും സിപിഐ സ്വതന്ത്രമായി രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം, 108 സീറ്റുകൾ നേടി പുതിയ ജനാധിപത്യ ശക്തിയായി ഉയർന്നു വന്ന ടിവികെ സർക്കാരിന് ബാഹ്യ പിന്തുണ നൽകാൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്. ജനവിധി മാനിച്ചാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും മാത്രമാണ് രാഷ്ട്രീയമായി എതിർക്കുന്നതെന്ന് ആവർത്തിച്ച സിപിഐ, സംസ്ഥാനത്തിന്റെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി ഏത് പാർട്ടിയുമായും സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ടിവികെ സർക്കാരിന്റെ തിരുപ്പറംകുണ്ഡ്രം വിഷയത്തിലെയും ദ്വിഭാഷാ നയത്തിലെയും നിലപാടുകളെ സ്വാഗതം ചെയ്ത പാർട്ടി, സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നും ക്രമസമാധാന പാലനത്തിൽ വീഴ്ച വരുത്തരുതെന്നും ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

