തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മേൽ പതിനാറാം വാർഡിൽ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് നിർമ്മിച്ച സുരക്ഷിതമല്ലാത്ത കൂരയിൽ താമസിക്കുന്ന അമ്മയെയും ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മകനെയും ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. വിഷപാമ്പുകൾ നിറഞ്ഞ പ്രദേശത്ത് താമസിക്കുന്ന ഇവരുടെ ദുരവസ്ഥ നേരിട്ട് മനസ്സിലാക്കി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ആർ.ഡി.ഒയ്ക്ക് പുറമെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ജില്ലാ സാമൂഹികനീതി ഓഫീസർ എന്നിവരെയും സംഘത്തിൽ ഉൾപ്പെടുത്തണം. ഭിന്നശേഷിക്കാരിയായ മിനി താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കൂടാതെ, പഴയകുന്നുമ്മേൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഭവനപദ്ധതികളിൽ ഉൾപ്പെടുത്തുന്നതിലുണ്ടായ വീഴ്ചകളും പരിശോധിക്കണം. ഉടമസ്ഥാവകാശ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമപരമായ പരിഹാരം കണ്ടെത്താൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികളുടെ ഗുണഭോക്താവാക്കാൻ മിനിക്ക് കഴിയുമോ എന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സഹായത്തോടെ ജില്ലാ കളക്ടർ വിലയിരുത്തണം. നടപടികൾക്ക് കാലതാമസം നേരിടുകയാണെങ്കിൽ സന്നദ്ധ സംഘടനകളുടെയോ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ട് വഴിയോ അടിയന്തരമായി താൽക്കാലിക ഭവനം ഒരുക്കുന്ന കാര്യം പരിഗണിക്കണം. കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തണം. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ആറാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും, ഒക്ടോബർ 3-ന് നടക്കുന്ന സിറ്റിംഗിൽ ആർ.ഡി.ഒയും പഞ്ചായത്ത് സെക്രട്ടറിയും ഹാജരായി വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

