ഗുരുവായൂർ: ഓഹരി വിപണിയിൽ നിക്ഷേപകരെ അമ്പരപ്പിക്കുന്ന നേട്ടവുമായി ക്യുപിഡ് (Cupid) ലിമിറ്റഡ്. ദീർഘകാല നിക്ഷേപകർക്ക് മികച്ച ലാഭം നൽകിയ മൾട്ടിബാഗർ ഓഹരികളിൽ ഒന്നായി മാറിയ ഈ കമ്പനി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത് 8,600 ശതമാനത്തിലധികം വളർച്ചയാണ്. ഒരു ലക്ഷം രൂപയുടെ നിക്ഷേപം ചുരുങ്ങിയ കാലയളവിനുള്ളിൽ 87 ലക്ഷം രൂപയായി വർധിച്ചതാണ് വിപണിയിൽ ചർച്ചയാകുന്നത്.
കമ്പനിയുടെ ഓഹരി വില ചരിത്രം പരിശോധിച്ചാൽ അവിശ്വസനീയമായ കുതിപ്പാണ് കാണാൻ സാധിക്കുന്നത്. 2021 ജൂലൈയിൽ 2.45 രൂപയായിരുന്ന ഓഹരി വില, 2026 ജൂലൈയിൽ 213 രൂപയിലേക്കാണ് ഉയർന്നത്. മൂന്ന് വർഷത്തിനുള്ളിൽ 8,522 ശതമാനത്തിലധികം നേട്ടവും അഞ്ച് വർഷത്തിനുള്ളിൽ 8,664 ശതമാനത്തിലധികം റിട്ടേണുമാണ് ഓഹരി രേഖപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 87 ലക്ഷം രൂപയിലധികമായും, മൂന്ന് വർഷം മുമ്പ് നടത്തിയ നിക്ഷേപം ഏകദേശം 84 ലക്ഷം രൂപയായും വളർന്നു. നിലവിൽ 234.50 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില.
കമ്പനിയുടെ ശക്തമായ ബിസിനസ് പ്രവർത്തനങ്ങളാണ് ഓഹരി വിപണിയിലെ ഈ മുന്നേറ്റത്തിന് ആധാരം. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 150 കോടി രൂപയിലധികം വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 600 കോടി രൂപയിൽ നിന്ന് 660 കോടി രൂപയായി ഉയരുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാസിക്ക് ആസ്ഥാനമായി 1993-ൽ സ്ഥാപിതമായ ക്യുപിഡ്, കോണ്ടം ഉൽപ്പാദനത്തിന് പുറമെ വാട്ടർ ബേസ്ഡ് ലൂബ്രിക്കന്റുകൾ, ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയുടെ നിർമ്മാണത്തിലും സജീവമാണ്.
(Disclaimer: ഓഹരികളിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഏതെങ്കിലും ഒരു ഓഹരിയിൽ നിക്ഷേപം നടത്തുന്നതിനുള്ള നിർദേശമല്ല ഈ ലേഖനം.)

