ലോകം: ഫുട്‌ബോൾ ലോകകപ്പിലെ മത്സരങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള ഹൈഡ്രേഷൻ ബ്രേക്കുകൾ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കളിക്കാരുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണ് ഈ ഇടവേളയെന്ന് ഫിഫ വിശദീകരിക്കുമ്പോഴും, ഇതിനു പിന്നിൽ ശക്തമായ വാണിജ്യ താത്പര്യങ്ങളുണ്ടെന്ന വിമർശനം വ്യാപകമായി ഉയരുകയാണ്. നിലവിലെ ചട്ടപ്രകാരം ഓരോ പകുതിയിലും 22-ാം മിനിറ്റിൽ മൂന്ന് മിനിറ്റ് വീതമാണ് ഹൈഡ്രേഷൻ ബ്രേക്ക് അനുവദിക്കുന്നത്.
ഈ ഇടവേള മത്സരത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും കളി കൃത്യമായി നാല് ഘട്ടങ്ങളായി വിഭജിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ബ്രേക്കുകൾ പരിശീലകർക്ക് തന്ത്രങ്ങൾ മെനയാനും കളിക്കാർക്ക് കൂടുതൽ നിർദേശങ്ങൾ നൽകാനുമുള്ള അവസരമായി മാറുന്നുണ്ട്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലെ ഉയർന്ന താപനിലയും ഈർപ്പവും കണക്കിലെടുത്ത് കളിക്കാരെ ഹീറ്റ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നാണ് ഫിഫയും ആരോഗ്യ വിദഗ്ധരും വാദിക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത സ്റ്റേഡിയങ്ങളിലും കുറഞ്ഞ താപനിലയുള്ള വേദികളിലും ഒരേ നിയമം നടപ്പിലാക്കുന്നതിലെ യുക്തിയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.
ജർമൻ പരിശീലകൻ യർഗൻ ക്ലോപ്പ് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കളിയെക്കാൾ അധികമായി സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും താത്പര്യങ്ങൾക്കാണ് ഈ സംവിധാനം മുൻഗണന നൽകുന്നതെന്ന് ക്ലോപ്പ് ആരോപിച്ചു. കാലാവസ്ഥയും സാഹചര്യവും വിലയിരുത്തി മാത്രം ഹൈഡ്രേഷൻ ബ്രേക്ക് അനുവദിക്കുന്നതാണ് ഉചിതമെന്ന് നെതർലൻഡ്സ് നായകൻ വിർജിൽ വാൻ ഡൈക്കും അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോകകപ്പുകളിൽ ഈ സംവിധാനം തുടരുമോയെന്ന കാര്യത്തിൽ ഫിഫ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും, കാലാവസ്ഥാ വെല്ലുവിളികൾ മുൻനിർത്തി ഹൈഡ്രേഷൻ ബ്രേക്കുകൾ തുടരാനാണ് സാധ്യത. ഇതിനിടെ, ചാമ്പ്യൻസ് ലീഗും യൂറോ 2028 ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തില്ലെന്ന് യുവേഫ അറിയിച്ചിട്ടുണ്ട്.

