ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ചകളിൽ ഖേദം പ്രകടിപ്പിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം (MeitY) വൃത്തങ്ങൾ വ്യക്തമാക്കി. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം (CSAM), ഡീപ്‌ഫേക്ക് വീഡിയോകൾ, പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പിഴവുകൾ, ആൽഗോരിതമിക് ബയസ് തുടങ്ങിയ വിഷയങ്ങളിലും മെറ്റ ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. ചില തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് പണം നൽകി പ്രചാരണം ലഭിച്ചിരുന്നതായി മെറ്റ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലാനും സംഘവും ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് സക്കർബർഗിന്റെ ഖേദപ്രകടനം ഉണ്ടായത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകൾ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾക്ക് മുൻഗണന നൽകുന്നതായും, സമീപകാല വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഏകപക്ഷീയമായ ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിച്ചതായും കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിക്കുന്നതും സർക്കാർ ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നാണ്. “rape video”, “child video” തുടങ്ങിയ പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് തിരിച്ചുവിടുകയും അവിടെ ഇത്തരം ദൃശ്യങ്ങൾ വിറ്റഴിക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണം പരിശോധിച്ചുവരികയാണ്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ നടപടികളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത് സാങ്കേതിക തകരാറാണെന്ന മെറ്റയുടെ വിശദീകരണം അപര്യാപ്തമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. തുടർന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ മെറ്റയ്‌ക്ക് ഐടി നിയമപ്രകാരമുള്ള “സേഫ് ഹാർബർ” സംരക്ഷണം ബാധകമാണോയെന്ന കാര്യവും സർക്കാർ പരിശോധിച്ചുവരികയാണ്.

