ന്യൂഡൽഹി: ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനികളായ ആർഇസി ലിമിറ്റഡും പവർ ഫിനാൻസ് കോർപ്പറേഷനും (പിഎഫ്സി) ലയിക്കുന്നതോടെ പൊതുമേഖലാ ധനകാര്യ മേഖലയിൽ വൻകിട സ്ഥാപനം പിറവിയെടുക്കുന്നു. ദീർഘകാലമായി കാത്തിരുന്ന ലയന പദ്ധതിക്ക് ഇരു കമ്പനികളുടെയും ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ലയനശേഷം രൂപീകൃതമാകുന്ന പുതിയ കമ്പനിയുടെ ലോൺ ബുക്ക് 11 ലക്ഷം കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ലയന വ്യവസ്ഥകൾ പ്രകാരം, ആർഇസി ഓഹരി ഉടമകൾക്ക് ഓരോ 100 ഓഹരികൾക്കും 88 പിഎഫ്സി ഓഹരികൾ വീതം ലഭിക്കും. ഇത് വിവിധ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായിരിക്കും. റെക്കോർഡ് തീയതി സംബന്ധിച്ച പ്രഖ്യാപനം ഇരു കമ്പനികളുടെയും ബോർഡ് യോഗങ്ങൾക്ക് ശേഷം പിന്നീട് അറിയിക്കും. ലയിപ്പിച്ച ശേഷമുള്ള സ്ഥാപനത്തിൽ ഇന്ത്യാ ഗവൺമെന്റിനായിരിക്കും ഭൂരിപക്ഷ വോട്ടവകാശവും പൂർണ്ണ നിയന്ത്രണവും ഉണ്ടായിരിക്കുക.
ലയന നടപടികൾ സുഗമമാക്കുന്നതിനായി ബ്രിട്ടീഷ് പ്രൊഫഷണൽ നെറ്റ്വർക്കായ ഡിലോയിറ്റ് ടൂഷെയെ ട്രാൻസാക്ഷൻ അഡ്വൈസറായും, സിറിൽ അമർചന്ദ് മംഗൾദാസിനെ ടാക്സ് അഡ്വൈസറായും നിയമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി രണ്ട് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ ലയിപ്പിക്കാൻ കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നത്.

