കോഴിക്കോട്: ഈ വർഷത്തെ പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം കവിയും പ്രഭാഷകനുമായ കാവാലം ശശികുമാറിന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘നഗരവൃക്ഷത്തിലെ കുയിൽ’ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായി തിരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 29-ന് കോഴിക്കോട് ജില്ലയിലെ ഭൂമിവാതുക്കലിൽ വെച്ച് സംഘടിപ്പിക്കുന്ന പി.എം. ഭാസ്കരൻ മാസ്റ്റർ സ്മൃതിസദസ്സിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. സാഹിത്യലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കും.
ഓരോ സ്മൃതിസദസ്സും പുരസ്കാരങ്ങളും വെറും അനുസ്മരണ ചടങ്ങുകൾ മാത്രമല്ലെന്നും, മറിച്ച് ശക്തമായ സാമൂഹിക പ്രഖ്യാപനങ്ങളാണെന്നും സംഘാടകർ വ്യക്തമാക്കി. അക്രമങ്ങൾക്കെതിരെ അക്ഷരങ്ങളെ ജ്വലിപ്പിച്ച് പ്രതിരോധം തീർക്കുമെന്ന സന്ദേശമാണ് ഇത്തരം പരിപാടികളിലൂടെ മുന്നോട്ടുവെക്കുന്നത്. രാഷ്‌ട്രീയാന്ധതയുടെ പേരിൽ ഭിന്നസ്വരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിലെ ഇരുട്ടിനെ അക്ഷരാഗ്നിയാൽ ചെറുക്കുക എന്ന പ്രതിബദ്ധതയും ഈ സ്മൃതിസദസ്സിലൂടെ ഉയർത്തിക്കാട്ടുമെന്ന് സംഘാടക സമിതി അറിയിച്ചു.

