പാലക്കാട്: കാറിന്റെ ഇഷ്ട നമ്പറിനായി റെക്കോർഡ് തുക മുടക്കി ഉടമ. പാലക്കാട് ആർടിഒ ഓഫീസിൽ നടന്ന ലേലത്തിൽ കെഎൽ 09 ബിഎ 9999 എന്ന നമ്പറിനായി 9.13 ലക്ഷം രൂപയാണ് ഒരു കൊച്ചിയിലെ സ്വകാര്യ സ്ഥാപനം ലേലത്തിലൂടെ നൽകിയത്. പുതിയതായി വാങ്ങിയ വോൾവോ ഇ എക്സ് 30 ഇലക്ട്രിക് എസ്‍യുവിക്കു വേണ്ടിയാണ് ഈ ഫാൻസി നമ്പർ സ്വന്തമാക്കിയത്. അടുത്തിടെ നടന്ന ലേലങ്ങളിൽ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ഈ നമ്പർ വിറ്റുപോയത്.
കേരളത്തിൽ ഫാൻസി നമ്പറുകൾക്കായി മുടക്കുന്ന തുകയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനുമുമ്പ് എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ലേലത്തിൽ 2015 ഏപ്രിലിൽ ലംബോർഗിനി ഉറൂസ് എന്ന ആഡംബര വാഹനത്തിനായി 46 ലക്ഷം രൂപ മുടക്കി നമ്പർ സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. നാലുകോടി രൂപ വിലമതിക്കുന്ന വാഹനത്തിന്റെ ഉടമയായ വേണു ഗോപാലകൃഷ്ണനാണ് ഈ റെക്കോർഡ് തുക നൽകിയത്.
രാജ്യത്തെ കണക്കുകൾ പരിശോധിച്ചാൽ ഇതിലും വലിയ തുകയാണ് ഫാൻസി നമ്പറുകൾക്കായി പലരും ചെലവാക്കുന്നത്. ഹരിയാനയിൽ നടന്ന ലേലത്തിൽ എച്ച്ആർ 88 ബി 8888 എന്ന നമ്പറിന് 1.17 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റാണിത്. എന്നാൽ ഈ തുക നൽകിയത് ആരെന്നോ, ഏത് വാഹനത്തിനായാണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്നോ ഉള്ള വിവരങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

