മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവിനായി ജിയോ പ്ലാറ്റ്ഫോംസ് തയ്യാറെടുക്കുന്നു. ഓഹരി വിപണിയിൽ നിന്ന് 400 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൽ നിന്ന് വർഷങ്ങൾക്ക് ശേഷം എത്തുന്ന ഐപിഒ എന്ന നിലയിൽ വലിയ ശ്രദ്ധയാണ് ഈ നീക്കത്തിന് ലഭിക്കുന്നത്. സമാഹരിക്കുന്ന തുക 5ജി സേവനങ്ങളുടെ വിപുലീകരണത്തിനും കമ്പനിയുടെ കടബാധ്യതകൾ കുറയ്ക്കുന്നതിനും വിനിയോഗിക്കാനാണ് തീരുമാനം.
ജിയോ ഐപിഒയുടെ മൂല്യം ഇന്ത്യൻ രൂപയിൽ ഏകദേശം 37,776 കോടി രൂപയോളം വരും. കഴിഞ്ഞ വർഷം നവംബറിൽ ജെഫ്രീസ് എന്ന നിക്ഷേപ ബാങ്ക് ജിയോയുടെ മൂല്യം 18000 കോടി ഡോളറായാണ് കണക്കാക്കിയിരുന്നത്. നിലവിൽ 50 കോടിയിലധികം വരിക്കാരുള്ള ജിയോ, ടെലികോം സേവനങ്ങൾക്ക് പുറമെ ബ്രോഡ്ബാൻഡ്, ജിയോമാർട്ട്, ജിയോസിനിമ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ടെലികോം, ഡിജിറ്റൽ സേവനങ്ങൾ, ക്ലൗഡ് സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി 2026 സാമ്പത്തിക വർഷത്തിൽ 1.47 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒയും അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇ, വ്യാപാരം ചെയ്ത കരാറുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ച് കൂടിയാണ്. സെബിയിൽ ഡിആർഎച്ച്പി ഫയൽ ചെയ്തതിന് ശേഷം ഏകദേശം 30,000 കോടി രൂപയുടെ ഇഷ്യു സൈസാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള എൻഎസ്ഇയിൽ നിലവിൽ 1.8 ലക്ഷത്തോളം ഓഹരി ഉടമകളാണുള്ളത്. ഓപ്ഷൻ ട്രേഡിംഗിലെ കുതിച്ചുചാട്ടം കാരണം 2019-2026 കാലയളവിൽ എൻഎസ്ഇയുടെ വരുമാനം ഇരട്ടിയിലധികമായി വർധിച്ച് 18,700 കോടി രൂപയിലെത്തിയിരുന്നു.

