സംസ്ഥാനത്ത് ദിവസങ്ങളായി തുടര്‍ന്നുവന്ന സ്വര്‍ണവിലയിലെ ഇടിവിന് വിരാമമിട്ട് വിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്തെ വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,230 രൂപയായും ഒരു പവന് സ്വര്‍ണത്തിന്റെ വില 1,05,840 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 10,870 രൂപയിലാണ് ഇതിന്റെ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്; ഒരു ഗ്രാം വെള്ളിക്ക് 235 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട നയങ്ങളാണ് സ്വര്‍ണവിലയിലെ ഈ അനുകൂല മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയും പലിശ നിരക്ക് 3.5% മുതല്‍ 3.75% വരെയുള്ള പരിധിയില്‍ തന്നെ നിലനിര്‍ത്താന്‍ യുഎസ് ഫെഡ് തീരുമാനിച്ചിരുന്നു. ഈ സാമ്പത്തിക സ്ഥിതിവിശേഷമാണ് ആഗോളതലത്തിലെന്നപോലെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്.
ഇതിനുപുറമെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വർധനവും സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ബാരലിന് 90 ഡോളര്‍ കടന്നിരുന്നു. നിലവില്‍ 89.63 ഡോളറിലാണ് ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ഇത്തരം ചലനങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായിരിക്കുന്നത്.

