ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ നിർണായകമായൊരു നിമിഷത്തിന് വേദിയൊരുങ്ങുന്നു. ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യക്കെതിരെ സൗഹൃദ മത്സരം നടക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ബ്രസീലിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കാണ് വിരാമമായത്.
ലോകകപ്പ് മത്സരവേളകളിൽ ബ്രസീലിന് ഇന്ത്യൻ ആരാധകർ നൽകിപ്പോരുന്ന ആവേശകരമായ പിന്തുണയും, രാജ്യത്തുടനീളം മഞ്ഞയും പച്ചയും നിറങ്ങളിൽ അണിഞ്ഞൊരുങ്ങുന്ന ആരാധക കൂട്ടായ്മകളും ബ്രസീൽ ഫുട്ബോൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷമാണ് ബ്രസീൽ സംഘം ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ മണ്ണിൽ ആദ്യമായി കളിക്കുന്നത് ചരിത്രപരമായ നിമിഷമാണെന്നും, ഏറ്റവും വലിയ വിദേശ ആരാധകവൃന്ദമുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ വെച്ച് ആരാധകർക്കൊപ്പം സമയം ചെലവഴിക്കാൻ കാത്തിരിക്കുകയാണെന്നും സിബിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
സെപ്റ്റംബർ 25-ന് ടൗൺസ്വില്ലിലും സെപ്റ്റംബർ 29-ന് ബ്രിസ്ബേനിലും ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാകും ബ്രസീലിയൻ ടീം കൊൽക്കത്തയിലെത്തുക. 1977-ൽ ഇതിഹാസതാരം പെലെ ന്യൂയോർക്ക് കോസ്മോസിനൊപ്പം കൊൽക്കത്തയിൽ പന്തുതട്ടിയ ഓർമ്മകൾ ഇന്നും ഫുട്ബോൾ പ്രേമികൾക്ക് ആവേശമാണ്. 2026 ലോകകപ്പിന് ശേഷമുള്ള ബ്രസീലിന്റെ തിരിച്ചുവരവിനും, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ നേരിടുന്ന ഇന്ത്യൻ ടീമിനും ഈ മത്സരം ഏറെ നിർണായകമാകും.

