തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി. എട്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ദുരിതബാധിത മേഖലകളിൽ അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജലനിരപ്പ് അപകടകരമായി ഉയർന്നതിനെത്തുടർന്ന് മൂഴിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഉണ്ടായ മിന്നൽ പ്രളയത്തിന്റെ ആഘാതം മാറുംമുമ്പേ വീണ്ടും ശക്തമായ മഴ പെയ്തത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. അപ്പർ കുട്ടനാട്, ചെങ്ങന്നൂർ, പാണ്ടനാട്, മാന്നാർ എന്നീ മേഖലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കക്കാട്ടാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മൂഴിയാർ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ 15 ശതമാനം ഉയർത്തി. പമ്പയുടെ പോഷകനദികളായ കല്ലാർ, അച്ചൻകോവിലാർ, മണിമലയാർ എന്നിവിടങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊല്ലത്തുനിന്നും 40 മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മഴക്കെടുതിയിൽ 165 ഹെക്ടറിലധികം കൃഷിയിടങ്ങൾ നശിക്കുകയും 3,596 കർഷകരെ അത് നേരിട്ട് ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം ലഭ്യമാക്കും. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും, തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനുള്ള സഹായം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായും ഉയർത്തി. ഇതിനിടെ, പ്രളയസാഹചര്യത്തെത്തുടർന്ന് ആറന്മുള വള്ളസദ്യകൾ മാറ്റിവെച്ചതായി ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അറിയിച്ചു. കോട്ടയത്ത് അയർക്കുന്നം സ്വദേശി ജിന്റോ മാത്യു വെള്ളക്കെട്ടിൽ വീണ് മരിച്ചതും തിരുവഞ്ചൂർ സ്വദേശി ശരണിനെ കാണാതായതും സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു

