ബെംഗളൂരു: വിവാഹമോചന, ഗാര്‍ഹിക പീഡന കേസുകളില്‍ ജീവനാംശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമമേഖലയില്‍ വലിയ ചര്‍ച്ചയാകുന്നു. ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനമുണ്ടാവുകയും, അത് ഭര്‍ത്താവിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവനാംശം അനുവദിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകളില്‍ ഇരുപക്ഷത്തിന്റെയും സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ കോടതികള്‍ അന്തിമ ഉത്തരവിലേക്ക് എത്താവൂ എന്നും ജസ്റ്റിസ് ചില്ലാകൂര്‍ സുമലതയുടെ ബെഞ്ച് നിർദ്ദേശിച്ചു.
മൈസൂരു സ്വദേശിനിയായ ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്കാന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഗോണികൊപ്പ സ്വദേശിയായ ഭര്‍ത്താവ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. കേസ് വിശദമായി പരിശോധിച്ച കോടതി, ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഭാര്യയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വരുമാനമുണ്ടെന്നും, ഭര്‍ത്താവിന്റെ വരുമാനം 60,646 രൂപ മാത്രമാണെന്നും കണ്ടെത്തി. ഭര്‍ത്താവിനെക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള ഭാര്യയ്ക്ക്, അധിക സാമ്പത്തിക ബാധ്യതകളോ കുട്ടികളുടെ ഉത്തരവാദിത്തങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി.
ജീവനാംശം എന്നത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പങ്കാളിയെ സംരക്ഷിക്കാനുള്ള നിയമപരമായ മാർഗ്ഗമാണെന്നും, മറിച്ച് ഭര്‍ത്താവിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനുള്ള ഉപാധിയായി ഇതിനെ മാറ്റാന്‍ അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാവിയില്‍ സമാനമായ കേസുകള്‍ പരിഗണിക്കുമ്പോള്‍ കീഴ്ക്കോടതികള്‍ ഇരുപക്ഷത്തിന്റെയും വരുമാനം, സാമ്പത്തിക ബാധ്യതകള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ജീവനാംശവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോന്ന വിധിയായാണ് ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.

