ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ടെലിഫോണില്‍ സംസാരിച്ചു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അടുത്തിടെ രൂപപ്പെട്ട ധാരണകളുടെയും നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെയും വിശദാംശങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏത് നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
സംഭാഷണത്തിനിടെ, എല്ലാ തര്‍ക്കങ്ങള്‍ക്കും പരിഹാരം സംഭാഷണത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും കണ്ടെത്തണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പശ്ചിമേഷ്യയില്‍ ദീര്‍ഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അന്താരാഷ്‌ട്ര സമുദ്രഗതാഗതത്തിന്റെയും ആഗോള വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇറാനും അമേരിക്കയും തമ്മിലുള്ള സമീപകാല ധാരണയ്‌ക്ക് പിന്നാലെ, മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ സജീവമായി തുടരുന്നതിനിടെയാണ് ഇരുനേതാക്കളും തമ്മിലുള്ള ഈ നിര്‍ണായക ചര്‍ച്ച നടന്നത്. സംഘര്‍ഷങ്ങള്‍ക്ക് സൈനിക നടപടികളല്ല, മറിച്ച് ചര്‍ച്ചകളും നയതന്ത്ര ഇടപെടലുകളുമാണ് ശാശ്വതമായ പരിഹാരമെന്ന ഇന്ത്യയുടെ നയം വീണ്ടും ഉറപ്പിക്കുന്നതാണ് ഈ ടെലിഫോൺ സംഭാഷണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

