വാഷിങ്ടൺ: ചൈനയുടെ നവീകരണ ശൃംഖലയെയും ആഗോള സ്വാധീനത്തെയും വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ് അഭിപ്രായപ്പെട്ടു. വാഷിങ്ടണിൽ നടന്ന യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള വിശ്വാസ്യതയിലെ വ്യത്യാസം വിശദീകരിക്കാൻ തന്റെ മൊബൈൽ ഫോൺ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സ്റ്റീവ് ഡെയ്ൻസ്, ഇന്ത്യ സന്ദർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഫോൺ തന്നെയാണ് താൻ കൈവശം വയ്ക്കാറുള്ളതെന്നും എന്നാൽ ബെയ്ജിങ്ങിലേക്ക് പോകുമ്പോൾ സുരക്ഷാ കാരണങ്ങളാൽ ആ ഫോൺ വാഷിങ്ടണിലെ ഓഫീസിൽ തന്നെ ഉപേക്ഷിക്കാറുണ്ടെന്നും പറഞ്ഞു. ഇത്തരത്തിൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര, സുരക്ഷാ സമീപനങ്ങളിലെ വിടവ് അദ്ദേഹം തുറന്നുകാട്ടി.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം ഇരുരാജ്യങ്ങൾക്ക് മാത്രമല്ല, ജനാധിപത്യ ലോകത്തിനും ആഗോള സ്ഥിരതയ്ക്കും നിർണായകമാണെന്ന് സ്റ്റീവ് ഡെയ്ൻസ് കൂട്ടിച്ചേർത്തു. സാമ്പത്തിക, സാങ്കേതിക മേഖലകളിലെ വളർച്ചയ്ക്കൊപ്പം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയുടെ പങ്ക് ആഗോളതലത്തിൽ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഉച്ചകോടിയിൽ വിലയിരുത്തലുണ്ടായി.

