വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങളെയും തീരദേശ റഡാർ സൈറ്റുകളെയുമാണ് ലക്ഷ്യം വെച്ചത്. നിർണായകമായ ഈ ജലപാത വീണ്ടും തുറക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ഇടക്കാല ധാരണയ്ക്ക് ഈ സംഭവവികാസങ്ങൾ വലിയ തിരിച്ചടിയായിരിക്കുകയാണ്.
വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇത്തരം പ്രകോപനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാൽ, ഇത് വെടിനിർത്തൽ ലംഘനമല്ലെന്നും തങ്ങളുടെ പരമാധികാരത്തിന് കീഴിലുള്ള ഹോർമുസ് കടലിടുക്കിലെ സ്വാഭാവിക നടപടികൾ മാത്രമാണെന്നും ഇറാനിയൻ പാർലമെന്റ് ദേശീയ സുരക്ഷാ കമ്മീഷൻ തലവൻ ഇബ്രാഹിം അസീസി തിരിച്ചടിച്ചു.
ഈ ആക്രമണം അന്താരാഷ്ട്ര വ്യാപാരമേഖലയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര ഏജൻസി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം താൽക്കാലികമായി നിർത്തിവെച്ചു. ഏകദേശം 500-ഓളം കപ്പലുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഈ ജലപാതയിലെ ചരക്ക് നീക്കത്തെ അപ്രതീക്ഷിത ആക്രമണങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ തുടരുമ്പോഴും, ഈ പാതയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാകാത്ത വെല്ലുവിളിയായി തുടരുകയാണ്.

