ബ്രാറ്റിസ്ലാവ: ത്രിരാഷ്ട്ര യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യയിലെത്തി. 1993-ൽ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദർശിക്കുന്നത്. തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ എത്തിയ പ്രധാനമന്ത്രി, സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി, പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനായി പ്രമുഖ സ്ലൊവാക്യൻ വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സ്ലൊവാക്യൻ വിദേശകാര്യ-യൂറോപ്യൻ കാര്യ മന്ത്രി യുരാജ് ബ്ലാങ്കർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. സ്ലൊവാക്യൻ പാരമ്പര്യമനുസരിച്ച് ആദരവിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി ‘അപ്പവും ഉപ്പും’ നൽകിയാണ് മോദിക്ക് പരമ്പരാഗത സ്വീകരണം നൽകിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ലൊവാക്യയുമായുള്ള ബന്ധം ആഴത്തിലാക്കാനും സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് ലാൻഡിംഗിന് പിന്നാലെ പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 2025-ൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു സ്ലൊവാക്യ സന്ദർശിച്ചതും, 2026-ൽ സ്ലൊവാക്യൻ പ്രസിഡന്റ് പെല്ലെഗ്രിനി ഇന്ത്യ സന്ദർശിച്ചതും ഈ ഉന്നതതല ബന്ധത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ്.
വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈൽ നിർമ്മാണം, റെയിൽവേ ഉൽപ്പാദനം, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. യൂറോപ്യൻ യൂണിയനിൽ അംഗമായ സ്ലൊവാക്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. സ്ലൊവാക്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെ എവിയാനിലേക്ക് തിരിക്കും. തുടർന്ന് പാരീസിൽ നടക്കുന്ന ‘വിവ ടെക് 2026’ സ്റ്റാർട്ടപ്പ്-സാങ്കേതികവിദ്യാ മേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അദ്ദേഹം പങ്കെടുക്കും.

