കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മീഷണറുമായ മുരാരി ബാബു (61) അന്തരിച്ചു. അർബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 12.48-ഓടെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ ഇദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പെരുന്നയിലെ വസതിയിൽ നടക്കും.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയായിരുന്നു മുരാരി ബാബു. 2019-ൽ ഇദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് രേഖകളിൽ കൃത്രിമമായി രേഖപ്പെടുത്തിയതും, സ്വർണ്ണം പൂശുന്ന ജോലികൾക്കായി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശുപാർശ ചെയ്തതും മുരാരി ബാബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൊണ്ണൂറ് ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്, കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
ജയിൽ മോചിതനായതിന് പിന്നാലെ രോഗം സ്ഥിരീകരിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 1997-ൽ ദേവസ്വം ബോർഡിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മുരാരി ബാബു, ഏറ്റുമാനൂർ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന കാലത്തും അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കുറ്റപത്ര സമർപ്പണം അന്തിമഘട്ടത്തിലായതിനാൽ, മുരാരി ബാബുവിന്റെ വിയോഗം കേസന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

