മലപ്പുറം: ജില്ലയില്‍ ഷിഗല്ല ബാധയെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനി സരോജിനി (59) ആണ് മരിച്ചത്. കടുത്ത വയറിളക്കത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നപ്പോഴാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സ്ഥിരീകരിച്ചത്.
കടുത്ത വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് സരോജിനിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതിവേഗം വഷളാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറത്ത് ഷിഗല്ല മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ നടപടികളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ശക്തമാക്കിയിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗല്ല ബാക്ടീരിയ പകരുന്നത്. അതിനാല്‍ ജനങ്ങള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ അധികൃതര്‍ നിര്‍ദേശിച്ചു. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

