തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ അനുമതി തേടിയതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനാണ് തീരുമാനം. എന്നാൽ, ഈ ഓഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുൻപ് സർക്കാരിനെ മുൻകൂറായി അറിയിച്ചില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
ഈ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 25 ശതമാനത്തിലധികം ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുന്നത് ഭാവിയിൽ സംസ്ഥാനത്തിന്റെ വ്യാപാര താൽപ്പര്യങ്ങൾക്ക് വിഘാതമാകുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തുന്നുണ്ട്. വിഷയത്തിൽ പോർട്ടിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഓഹരി കൈമാറ്റം അന്തിമമായി പൂർത്തിയാക്കൂ എന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, തങ്ങളുടെ കണ്ടെയ്നർ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് വിഴിഞ്ഞം പദ്ധതിയിൽ നിക്ഷേപമിറക്കുന്നത്. ഈ നടപടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക മൂല്യം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഒരു തുറമുഖ പദ്ധതിയിലേക്ക് എത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമെന്ന നിലയിൽ വിഴിഞ്ഞം പോർട്ട് പദ്ധതിക്ക് ഈ സഹകരണം നിർണ്ണായകമാകുമെന്നാണ് അധികൃതരുടെ പക്ഷം.

