തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധിയായ 23 വയസ് കർശനമായി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി കർണാടകയിൽ വിജയകരമായി നടപ്പിലാക്കി വരുന്ന ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും കൊണ്ടുവരുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുകയാണ്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, മദ്യശാലകളിൽ എത്തുന്നവരിൽ പ്രായം സംബന്ധിച്ച് സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടിവരും. പ്രായം തെളിയിക്കുന്ന രേഖകൾ കൈവശമില്ലാത്തവർക്ക് മദ്യവിൽപ്പന അനുവദിക്കില്ല. യുവാക്കളെ ലക്ഷ്യമിട്ട് വീര്യം കുറഞ്ഞ മദ്യങ്ങൾ വിപണിയിൽ എത്തുന്നതായി വ്യാപകമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയൽ എക്സൈസ് വകുപ്പ് മന്ത്രി പരിശോധിച്ച ശേഷം ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ പ്രായപരിധിയിൽ കാലാകാലങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ 18 വയസ്സായിരുന്ന പ്രായപരിധി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് 21 വയസ്സായി ഉയർത്തിയത്. തുടർന്ന് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇത് വീണ്ടും 23 വയസ്സായി വർധിപ്പിക്കുകയുണ്ടായി. നിലവിലെ നിയമം പലയിടങ്ങളിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്, കർശനമായ പരിശോധനകൾ ഉൾപ്പെടുത്തിയുള്ള പുതിയ സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നത്.

