തിരുവനന്തപുരം: റെയിൽവേ വികസന പ്രവർത്തനങ്ങളിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിനിടയിൽ, ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങിലും സംസ്ഥാനം വലിയ മുന്നേറ്റം രേഖപ്പെടുത്തുന്നു. റെയിൽവൺ ആപ്പ് വഴിയുള്ള ടിക്കറ്റ് വിൽപനയിൽ ദക്ഷിണേന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തിന് സാധിച്ചു. ദക്ഷിണ റെയിൽവേ പുറത്തുവിട്ട ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ ചേർന്ന് 9.76 ലക്ഷം ടിക്കറ്റുകളാണ് ആപ്പ് വഴി മാത്രം വിറ്റഴിച്ചത്.
ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് തിരുവനന്തപുരം ഡിവിഷനാണ്. ജൂലൈ മാസത്തിൽ 6.67 ലക്ഷം ടിക്കറ്റുകൾ റെയിൽവൺ ആപ്പ് വഴി വിറ്റഴിച്ചതോടെ ദക്ഷിണ റെയിൽവേയിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ഡിവിഷൻ നിലനിർത്തി. ഡിവിഷന്റെ ആകെ ടിക്കറ്റ് ബുക്കിങ്ങിന്റെ 21.84 ശതമാനവും ആപ്പ് വഴിയാണ് നടന്നത്. പാലക്കാട് ഡിവിഷനും മികച്ച പ്രകടനം കാഴ്ചവെച്ചു. 3.09 ലക്ഷം ടിക്കറ്റുകൾ ആപ്പ് വഴി വിറ്റഴിച്ച പാലക്കാട് ഡിവിഷൻ, 11.64 ശതമാനം വിഹിതവുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ചെന്നൈ ഡിവിഷൻ (15.52 ശതമാനം) ആണ് പട്ടികയിൽ രണ്ടാമത്.
ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നതിന് പകരം മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന രീതിയിലേക്ക് യാത്രക്കാർ വലിയ തോതിൽ മാറിക്കഴിഞ്ഞുവെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. റെയിൽവേയുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാകുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. യാത്രാടിക്കറ്റുകളുടെ വിൽപനയിലൂടെ 2025–26 സാമ്പത്തിക വർഷത്തിൽ മാത്രം 2,960.70 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. നിലവിൽ വരുമാനത്തിലും ഡിജിറ്റൽ ഉപയോഗത്തിലും റെയിൽവേ ഭൂപടത്തിൽ കേരളം നിർണായകമായ സ്ഥാനം അലങ്കരിക്കുകയാണ്.

