പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഓഗസ്റ്റ് 3) പുലർച്ചെ 3.30-ഓടെ ഡാമിലെ ജലനിരപ്പ് അപകടരേഖയായ 190.00 മീറ്ററിൽ എത്തിയതിനെത്തുടർന്നാണ് നടപടി. ഡാമിന്റെ പരമാവധി സംഭരണശേഷി 192.63 മീറ്ററാണ്.
ശബരിമല വനമേഖലയിലടക്കം രാത്രി മുഴുവൻ ലഭിച്ച ശക്തമായ മഴയെത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുന്ന സാഹചര്യത്തിൽ, ഡാമിന്റെ ഷട്ടറുകൾ ഏതു നിമിഷവും തുറന്ന് കക്കാട്ടാറിലേക്ക് വെള്ളം ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡാം തുറക്കുന്നതോടെ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
മുൻകരുതൽ നടപടിയുടെ ഭാഗമായി നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, നദികളിൽ ഇറങ്ങുകയോ കുളി, അലക്ക്, മത്സ്യബന്ധനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണം. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരുകയാണ്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ പൊതുജനങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

