വാഷിങ്ടണ്‍: അമ്പത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രതിരിച്ചു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടെമിസ് 2’ ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പുലർച്ചെ 3.45-ന് വിജയകരമായി വിക്ഷേപിച്ചു. ആദ്യ ഭ്രമണപഥം ഉയർത്തൽ പൂർത്തിയായതായും പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘം യാത്ര തിരിച്ചതായും നാസ അറിയിച്ചു.
നാസയുടെ റീഡ് വൈസ്മാൻ കമാൻഡറായ ദൗത്യത്തിൽ വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറെമി ഹാൻസൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ യാത്രയോടെ ചന്ദ്രന്റെ പരിസരത്തേക്ക് പോകുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. കൂടാതെ, ഒരു ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തി എന്ന നേട്ടം ജെറെമി ഹാൻസൺ സ്വന്തമാക്കി. ചന്ദ്രനിൽ ഇറങ്ങുന്നതിന് പകരം ഉപഗ്രഹത്തെ ചുറ്റി പഠനം നടത്താനാണ് ഈ സംഘം ലക്ഷ്യമിടുന്നത്.
ഭാവിയിലെ ആർട്ടെമിസ് ദൗത്യങ്ങൾക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ പരീക്ഷിക്കുക എന്നതാണ് പത്ത് ദിവസത്തെ ഈ യാത്രയുടെ പ്രധാന ഉദ്ദേശം. ഓട്ടോമേറ്റഡ് സംവിധാനങ്ങൾക്ക് പുറമെ മാന്വൽ പൈലറ്റിങ്, പുതിയ ലേസർ കമ്മ്യൂണിക്കേഷൻ എന്നിവ ആദ്യ 24 മണിക്കൂറിൽ സഞ്ചാരികൾ പരീക്ഷിക്കും. ബഹിരാകാശ കിരണങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് ശേഷം, ചന്ദ്രനെ വലംവെച്ച് ഏപ്രിൽ പത്തോടെ സംഘം ഭൂമിയിൽ തിരിച്ചെത്തും.

