സിയോൾ: ദക്ഷിണ കൊറിയയിൽ സമ്പന്നർക്കും വിദഗ്ധ തൊഴിലാളികൾക്കും സ്ഥിരതാമസത്തിനുള്ള നടപടികൾ സർക്കാർ ഉദാരമാക്കി. ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ജോലി പരിചയമുള്ളവർക്ക് ഇനി സ്ഥിരതാമസം എളുപ്പമാകും. ദക്ഷിണ കൊറിയയിലെ ഹൈടെക് കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഈ പുതിയ നയത്തിലൂടെ മുൻഗണന ലഭിക്കും.
ശാസ്ത്ര-സാങ്കേതിക രംഗത്തെ ആഗോള പ്രതിഭകൾക്കും ഗവേഷകർക്കും വിസ നിയമങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിശീർഷ മൊത്ത ദേശീയ വരുമാനത്തിന്റെ മൂന്നിരട്ടിയെങ്കിലും ശമ്പളം വാങ്ങുന്നവർക്ക് ടോപ് ടിയർ വിസ ഉപയോഗപ്പെടുത്താം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അവാർഡുകൾ നേടിയവർക്കും, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവർക്കും, സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണത്തിന് സംഭാവന നൽകിയവർക്കും രാജ്യം കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു. യോഗ്യരായവർക്ക് ജോബ്സീക്കർ വിസ വഴി രണ്ട് വർഷം വരെ രാജ്യത്ത് തുടരാനും സൗകര്യമുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ന്യൂജെൻ ടെക്നോളജി എന്നീ മേഖലകളിൽ ആഗോളതലത്തിൽ നടക്കുന്ന മാറ്റങ്ങൾ കണക്കിലെടുത്താണ് ദക്ഷിണ കൊറിയയുടെ ഈ സുപ്രധാന നീക്കം. സിംഗപ്പൂർ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ നടപ്പിലാക്കിയ പദ്ധതികളുടെ മാതൃകയിലാണ് പുതിയ വിസ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈടെക് വ്യവസായ മേഖലകളിലെ പ്രൊഫഷണലുകൾക്ക് പുറമെ, ആഗോളതലത്തിൽ മികച്ച 100 സർവകലാശാലകളിൽ നിന്നുള്ള ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ഉള്ളവർക്കും എട്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

