തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലേകാൽ മാസത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന പ്രത്യേക സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയ ഇടത് സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ്-സെനറ്റ് അംഗങ്ങൾ രംഗത്ത്. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ട ഡിഗ്രി അവാർഡ് ചെയ്യുക എന്ന ഏക അജണ്ട മാത്രമായിരുന്നു യോഗത്തിലുണ്ടായിരുന്നത്. എന്നാൽ, പ്ലക്കാർഡുകളുമായെത്തി മുദ്രാവാക്യം വിളിച്ചും യോഗനടപടികൾ തടസ്സപ്പെടുത്തുകയുമാണ് ഇടത് അംഗങ്ങൾ ചെയ്തതെന്ന് ഇവർ ആരോപിച്ചു.
ഈ നടപടി സ്വദേശത്തും വിദേശത്തുമായി ഉപരിപഠനത്തിനും തൊഴിലവസരങ്ങൾക്കും കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥിസ്നേഹം പ്രസംഗിക്കുന്ന ഇടത് അംഗങ്ങളുടെ യഥാർത്ഥ മുഖം ഇത്തരം നടപടികളിലൂടെ പുറത്തായെന്നും വിമർശനമുയർന്നു. സർവകലാശാലയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും അംഗങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ആസൂത്രണത്തോടെ സെനറ്റ്, സിൻഡിക്കേറ്റ് യോഗങ്ങൾ തുടർച്ചയായി അലങ്കോലപ്പെടുത്തുന്നത് കേരള സർവകലാശാലയിലെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഒരു വശത്ത് വിദ്യാർഥിപ്രേമം പറയുകയും മറുവശത്ത് വിദ്യാർഥികളുടെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. പി എസ് ഗോപകുമാർ, എം സതീശൻ, സി എൻ വിജയകുമാരി, സജി കമല, സുജിത് എസ്, ദിവ്യ എസ് ആർ എന്നിവർ ചേർന്നാണ് പ്രസ്താവന പുറത്തിറക്കിയത്.

