തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് വികസന സ്വപ്നങ്ങളെ മുൻനിർത്തി അവതരിപ്പിക്കപ്പെട്ടതാണെങ്കിലും, പ്രായോഗികമായ ചില നിർണ്ണായക ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. റവന്യൂ ഗ്രാന്റ് ഉൾപ്പെടെയുള്ള കേന്ദ്ര സഹായത്തിൽ വന്ന കുറവ് നികത്താൻ സർക്കാർ എന്ത് മാർഗ്ഗമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമല്ല. ഇന്ദിര ഗ്യാരന്റി പദ്ധതികളും, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിയും സർക്കാരിനും ഖജനാവിനും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മെഡിസെപ് പദ്ധതി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ, കൂടുതൽ സാമൂഹ്യ സുരക്ഷാ പദ്ധതികൾ കുറഞ്ഞ ബജറ്റ് വിഹിതത്തിൽ എങ്ങനെ പ്രായോഗികമാക്കുമെന്ന ആശങ്ക ശക്തമാണ്.
കേരളത്തെ ഒരു മാരിടൈം ഹബ്ബായും തുറമുഖ സംസ്ഥാനമായും ഉയർത്താനുള്ള സർക്കാർ നീക്കം ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെങ്കിലും, അതിനായി വൻകിട നിക്ഷേപങ്ങൾ ആകർഷിക്കേണ്ടതുണ്ട്. ഇത് യാഥാർത്ഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. അടിസ്ഥാന വികസനത്തിന് ഈ വഴികൾ മാത്രം പോരാ എന്നതും വസ്തുതയാണ്. വരുമാന വർധനയ്ക്കായി ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന നടപടികൾ നിലവിലെ ഗുരുതരമായ ധനപ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നതും സംശയകരമാണ്. കൂടാതെ, സംസ്ഥാനത്തിന്റെ കടം കുറയ്ക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമുള്ള കൃത്യമായ മാർഗരേഖ ബജറ്റിൽ അന്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾക്കപ്പുറം, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ക്രിയാത്മക ഇടപെടലുകൾ ബജറ്റിൽ കുറവാണ്.
ബജറ്റിലെ സാമ്പത്തിക കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി 35,355 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 8,231 കോടി രൂപയുടെ അധിക ബാധ്യതയാണ് റവന്യൂ കമ്മിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ വരുമാനം വർധിച്ചിട്ടുണ്ടെങ്കിലും, ചെലവുകൾ അതിനനുസരിച്ച് കുതിച്ചുയരുകയാണ്. വായ്പകളും മുൻകൂർ ബാധ്യതകളും 1,042 കോടിയിൽ നിന്ന് 1,398 കോടി രൂപയായും, പൊതുകടം 40,848 കോടിയിൽ നിന്ന് 52,364 കോടി രൂപയായും ഉയരുകയാണ്. വർധിച്ചുവരുന്ന റവന്യൂ ചെലവുകളും കടബാധ്യതകളും കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത വരുത്താൻ ബജറ്റിന് സാധിച്ചിട്ടില്ല.

