ഓഹരി വിപണി: സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പലരുടെയും പ്രധാന സംശയമാണ് ട്രേഡിങ് ആണോ ഇൻവെസ്റ്റിങ് ആണോ കൂടുതൽ അനുയോജ്യം എന്നത്. രണ്ടും ഓഹരി വിപണിയുമായി ബന്ധപ്പെട്ട രീതികളാണെങ്കിലും, ലക്ഷ്യം, സമീപനം, റിസ്ക്, സമയപരിധി എന്നിവയിൽ ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഹ്രസ്വകാല ലാഭമാണോ ദീർഘകാല സമ്പത്ത് സൃഷ്ടിക്കലാണോ ലക്ഷ്യമെന്നതിനെ ആശ്രയിച്ചാണ് ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്.
ഓഹരിയുടെ വിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളിൽ നിന്ന് ലാഭം നേടുകയാണ് ട്രേഡിങ്ങിന്റെ പ്രധാന ലക്ഷ്യം. വില ഉയരുമോ താഴുമോ എന്ന് വിലയിരുത്തി കുറഞ്ഞ സമയത്തിനുള്ളിൽ ഓഹരികൾ വാങ്ങി വിൽക്കുകയാണ് ട്രേഡർമാർ ചെയ്യുന്നത്. ഇൻട്രാഡേ ട്രേഡിങ്, സ്വിങ് ട്രേഡിങ് തുടങ്ങിയ രീതികളിലൂടെ ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ ലാഭം കൊയ്യാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനായി പ്രൈസ് മൂവ്മെന്റ്, ടെക്നിക്കൽ അനാലിസിസ്, വിപണിയിലെ ട്രെൻഡുകൾ എന്നിവയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം കാരണം ട്രേഡിങ്ങിൽ റിസ്ക് വളരെ കൂടുതലാണ്.
മറുവശത്ത്, നല്ല കമ്പനികളിൽ നിക്ഷേപം നടത്തി ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് വളർത്തുകയാണ് ഇൻവെസ്റ്റിങ്ങിന്റെ ലക്ഷ്യം. ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതി, വരുമാന വളർച്ച, മാനേജ്മെന്റ് നിലവാരം, ബിസിനസ് മോഡൽ എന്നിവ വിശകലനം ചെയ്ത് വർഷങ്ങളോളം ഓഹരികൾ കൈവശം വെക്കുകയാണ് നിക്ഷേപകർ ചെയ്യുന്നത്. ഓഹരി വിലയിലുണ്ടാകുന്ന വർധനവിന് പുറമെ ഡിവിഡന്റ്, ബോണസ് ഓഹരികൾ എന്നിവയിലൂടെയും ഇവർക്ക് വരുമാനം ലഭിക്കുന്നു. വിപണിയിലെ നിത്യേനയുള്ള മാറ്റങ്ങൾ പഠിക്കാൻ സമയമില്ലാത്തവർക്കും, ക്ഷമയോടെ ദീർഘകാലത്തേക്ക് നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്കും ഇൻവെസ്റ്റിങ് ആണ് ഏറ്റവും അനുയോജ്യമായ മാർഗം.

