ദുബായ്: ഗൾഫ് യാത്രകൾക്കായി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇനി ക്രിപ്റ്റോകറൻസികളും ഉപയോഗപ്പെടുത്താം. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്, തങ്ങളുടെ ടിക്കറ്റ് ബുക്കിംഗുകൾക്കായി ക്രിപ്റ്റോകറൻസി പേയ്മെന്റ് സംവിധാനം ഔദ്യോഗികമായി ആരംഭിച്ചു. ക്രിപ്റ്റോ.കോം പേ (Crypto.com Pay) ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി പണമടയ്ക്കാൻ സാധിക്കുക.
എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യുഎഇയിലെ ഉപഭോക്താക്കൾക്ക് ഈ പുതിയ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്. യുഎഇ ദിർഹമിൽ ഇടപാടുകൾ നടത്തുന്ന, ക്രിപ്റ്റോ.കോം അക്കൗണ്ടുള്ള യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 2025 ജൂലൈയിൽ എമിറേറ്റ്സും ക്രിപ്റ്റോ.കോമും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
എമിറേറ്റ്സ് വെബ്സൈറ്റിലെ ചെക്ക്ഔട്ട് പേജിൽ ക്രിപ്റ്റോ.കോം പേ ഓപ്ഷൻ തിരഞ്ഞെടുത്തുകൊണ്ട് ഇടപാടുകൾ പൂർത്തിയാക്കാം. സുരക്ഷിതമായ രീതിയിൽ റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നതെന്ന് എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫീസറുമായ അദ്നാൻ കാസിം വ്യക്തമാക്കി. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന യുവതലമുറയ്ക്ക് ഈ സേവനം ഏറെ ഗുണകരമാകും. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ 90 ശതമാനം സാമ്പത്തിക ഇടപാടുകളും ഡിജിറ്റലാക്കി മാറ്റുക എന്ന യുഎഇയുടെ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ പുതിയ ചുവടുവെപ്പ്.

