തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ സംസ്ഥാനത്തുടനീളം ഭക്തിനിർഭരമായ ബലിതർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ചെ മുതൽ തന്നെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും പുണ്യസ്നാനഘട്ടങ്ങളിലും പിതൃമോക്ഷം തേടി വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ആലുവ മണപ്പുറത്ത് പുലർച്ചെ നാലുമണി മുതൽ ബലികർമ്മങ്ങൾ ആരംഭിച്ചു. പിതൃക്കളുടെ അനുഗ്രഹം തേടി ഇന്നലെ വൈകിട്ടുതന്നെ നിരവധി വിശ്വാസികൾ മണപ്പുറത്ത് എത്തിച്ചേർന്നിരുന്നു. പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തോടെ ദർഭ, എള്ള്, അരി, കറുക, തുളസി, ചന്ദനം, ജലം തുടങ്ങിയവ ഉപയോഗിച്ചാണ് ബലികർമ്മങ്ങൾ പൂർത്തിയാക്കിയത്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ജീവിച്ചിരിക്കുന്ന മക്കളും ബന്ധുക്കളും ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ പങ്കുചേരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.
ആലുവ മണപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവിടങ്ങൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ചെറുക്ഷേത്രങ്ങളിലും പുണ്യസ്നാനഘട്ടങ്ങളിലും ഇന്ന് ബലിതർപ്പണം നടന്നു. വിശ്വാസികളുടെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനുമായി അതത് കേന്ദ്രങ്ങളിൽ ശക്തമായ പോലീസ് സന്നാഹവും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു.

