കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് എസ്.പി. എം.ജെ. സോജനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി ദേവസ്വം ബെഞ്ച് നിയമിച്ചു. സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നാണ് അന്വേഷണ സംഘത്തിന്റെ തലവനെ കോടതി തിരഞ്ഞെടുത്തത്.
ഡിവൈഎസ്പി സി.എസ്. ഹരി അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിക്കും. വിജിലൻസ് ഇൻസ്പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ്. രതീന്ദ്രകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. ശബരിമലയിലെ നെയ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് സുതാര്യമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ ശബരിമല മെയിൻ സ്റ്റോറിലേക്ക് ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിയതിലൂടെ പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്നത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടടക്കമുള്ളവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. അഭിഷേകത്തിനായി വാങ്ങിയ നെയ് മറിച്ചുവിറ്റെന്ന ആരോപണത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നും, അന്തിമ റിപ്പോർട്ട് കോടതിയുടെ അനുമതിയോടെ മാത്രമേ സമർപ്പിക്കാവൂ എന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

