തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ആഗസ്റ്റ് 10-ന് തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ചിത്രമുദ്രയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും. ക്ഷേത്ര അധികൃതരുടെ അഭ്യർഥന പരിഗണിച്ചാണ് തപാൽ വകുപ്പ് ഈ തീരുമാനത്തിലേക്ക് എത്തിയത്.
ശബരിമല, ഗുരുവായൂർ, കാസർകോട്ടെ മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്ക് ശേഷം തപാൽ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമായി പത്മനാഭസ്വാമി ക്ഷേത്രം മാറി. ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്. ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച മാതൃകയായ ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകവും വാസ്തുശില്പ മഹിമയും ലോകമെമ്പാടുമുള്ള തപാൽ പ്രേമികൾക്ക് പരിചയപ്പെടുത്താൻ ഈ ഉദ്യമം സഹായകമാകും.
സ്മാരക സ്റ്റാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിരം ചിത്രമുദ്ര കാലപരിധിയില്ലാതെ നിർദ്ദിഷ്ട തപാൽ ഓഫീസിൽ ഉപയോഗിക്കാനാകും. ഇതനുസരിച്ച് ആഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ ചിത്രമുദ്ര പതിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവും ഉൾക്കൊള്ളുന്ന ചിത്രമുദ്രയ്‌ക്കൊപ്പം, ക്ഷേത്ര ഗോപുരത്തിന് മുന്നിൽ ഭഗവാന്റെ ചിത്രം സ്വർണ ഫോയിലിൽ പതിപ്പിച്ച പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കും. ആദ്യഘട്ടത്തിൽ 2,000 കവറുകൾ വിൽപ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനം.

