തെഹ്‌റാൻ: ഇറാനിലെ മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ അന്ത്യകർമങ്ങൾക്കായി രാജ്യം ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിക്കുന്നതിനായുള്ള വിപുലമായ ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇതിൽ പങ്കെടുക്കുന്നതിനായി ഏകദേശം രണ്ടു കോടി ജനങ്ങൾ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഷാദിൽ വെച്ച് ജൂലൈ ഒമ്പതിനാണ് സംസ്‌കാരം നടക്കുക. ഇറാഖിലെ അന്ത്യകർമങ്ങൾ ഇതിനുശേഷം പിന്നീട് തീരുമാനിക്കും. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അന്ത്യകർമങ്ങൾ നേരത്തെ പലതവണ മാറ്റി വെച്ചിരുന്നു.
കഴിഞ്ഞ നാലു മാസത്തിലേറെയായി ഖമേനിയുടെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന രീതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കെമിക്കൽ എംബാമിങ് രീതി പൂർണമായും ഒഴിവാക്കി, കോൾഡ് സ്റ്റോറേജ് സംവിധാനം ഉപയോഗിച്ചാണ് മൃതദേഹം സംരക്ഷിച്ചതെന്ന് ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ച് എംബാമിങ് നിഷിദ്ധമായതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. അസാധാരണ സാഹചര്യങ്ങളിൽ അന്ത്യകർമങ്ങൾ വൈകുന്നത് ഷിയാ നിയമപ്രകാരം അനുവദനീയമാണെന്നും, പരമോന്നത നേതാവ് എന്ന നിലയിൽ പ്രത്യേക ഇളവുകൾ ലഭ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മകൾ, മരുമകൻ, കൊച്ചുമകൾ, മകൻ മൊജ്തബ ഖമേനിയുടെ ഭാര്യ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ സൃഷ്ടിച്ച വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷമാണ് ഇപ്പോൾ അന്ത്യകർമങ്ങൾ നടക്കുന്നത്. ഇറാൻ-യുഎസ് ബന്ധത്തിലുണ്ടായ വിള്ളലുകളും തുടർന്നുണ്ടായ സുരക്ഷാ ഭീഷണികളുമാണ് ചടങ്ങുകൾ വൈകുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.

