മയാമി: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും നവാഗതരായ കാബോ വെർദെയും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങി. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ലയണൽ മെസിയും സംഘവും വലിയ ആത്മവിശ്വാസത്തിലാണെങ്കിലും, അട്ടിമറി സ്വപ്നം കാണുന്ന കാബോ വെർദെയെ നിസ്സാരമായി കാണാൻ അർജന്റീന തയ്യാറല്ല. നാളെ പുലർച്ചെ 3.30-ന് മയാമിയിലാണ് ഈ നിർണായക മത്സരം നടക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അർജന്റീന നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഈ മത്സരങ്ങളിൽ മെസി ആറ് ഗോളുകൾ നേടി മികച്ച ഫോമിലുമാണ്. 2019-ലെ കോപ്പ അമേരിക്ക സെമിഫൈനലിന് ശേഷം നടന്ന ഒരു നോക്കൗട്ട് മത്സരത്തിലും അർജന്റീന പരാജയപ്പെട്ടിട്ടില്ലെന്ന കണക്കുകൾ ടീമിന് വലിയ ഊർജ്ജം പകരുന്നു. എന്നാൽ, ഫിഫ റാങ്കിങ്ങിൽ 67-ാം സ്ഥാനത്താണെങ്കിലും സ്പെയിൻ, ഉറുഗ്വായ്, സൗദി അറേബ്യ എന്നീ കരുത്തരായ ടീമുകളെ സമനിലയിൽ തളച്ച കാബോ വെർദെയുടെ പ്രതിരോധം അർജന്റീനയ്ക്ക് വെല്ലുവിളിയാകും.
ടീമിന്റെ പ്രധാന കരുത്ത് ഗോൾകീപ്പർ വൊസീഞ്ഞയുടെ നേതൃത്വത്തിലുള്ള ഉജ്ജ്വല പ്രതിരോധമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ഗോളുകൾ മാത്രമാണ് കാബോ വെർദെ വഴങ്ങിയത്. പരിശീലകൻ ബുബിസ്റ്റയുടെ കീഴിൽ ആത്മവിശ്വാസത്തോടെയാണ് ടീം അർജന്റീനയെ നേരിടാനൊരുങ്ങുന്നത്. ലോക ചാമ്പ്യന്മാരെ ഭയക്കുന്നില്ലെന്നും തങ്ങളുടെ കരുത്തും ധീരതയും തെളിയിക്കാനുള്ള അവസരമാണിതെന്നും വൊസീഞ്ഞയും ബുബിസ്റ്റയും വ്യക്തമാക്കി. മികച്ച പ്രകടനത്തിലൂടെ അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്നതാണ് കാബോ വെർദെയുടെ ഏക ലക്ഷ്യം.

