വാഷിംഗ്ടൺ ഡി.സി.: അമേരിക്കയുടെ ഹൃദയഭാഗമായ വാഷിംഗ്ടൺ ഡി.സി.യിലെ ഡ്യൂപോണ്ട് സർക്കിളിൽ ഇന്ത്യൻ മാമ്പഴങ്ങളുടെ മധുരപ്രളയം. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയും കാർഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയും (അപെഡ), വാണിജ്യ വകുപ്പും ഡ്യൂപോണ്ട് സർക്കിൾ ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്റ്റും സംയുക്തമായി സംഘടിപ്പിച്ച വാർഷിക മാമ്പഴ ഉത്സവം നഗരവാസികൾക്ക് വേറിട്ടൊരു അനുഭവമായി മാറി. ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴങ്ങൾ നേരിട്ടാസ്വദിക്കാനായി നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
അൽഫോൻസോ, കേസർ, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങി ഇന്ത്യയുടെ തനതു രുചിയും മണവുമുള്ള പ്രശസ്തമായ മാമ്പഴ ഇനങ്ങൾ സന്ദർശകരെ ആകർഷിച്ചു. തങ്ങളുടെ പ്രിയപ്പെട്ട മാമ്പഴങ്ങൾ രുചിക്കാനായി ആളുകൾ നീണ്ട നിരയിൽ കാത്തുനിന്നു. അമേരിക്കൻ വിപണിയിൽ പ്രീമിയം ഇന്ത്യൻ മാമ്പഴങ്ങൾ കൂടുതൽ വ്യാപകമായി ലഭ്യമാക്കണമെന്ന ആവശ്യം സന്ദർശകരിൽ നിന്നും ഉയർന്നു.
പരിപാടിയിൽ പങ്കെടുത്ത യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, മാമ്പഴ ഉത്സവത്തിന്റെ വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തി. മാമ്പഴ ഉൽപ്പാദനത്തിൽ ലോകത്ത് ഒന്നാമതുള്ള ഇന്ത്യയുടെ കരുത്ത് ആഗോളതലത്തിൽ തുറന്നുകാട്ടാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള മാമ്പഴ കയറ്റുമതിയിൽ സമീപകാലത്തായി വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപെഡയുടെ നേതൃത്വത്തിൽ അംഗീകൃത റേഡിയേഷൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് ഇന്ത്യൻ മാമ്പഴങ്ങൾ യുഎസ് വിപണിയിലെത്തുന്നത്. ഈ കയറ്റുമതി ക്രമാനുഗതമായി വർദ്ധിച്ചുവരുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാർഷിക-വാണിജ്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ സൂചന കൂടിയാണ്.

