തൃപ്പുണിത്തുറ: എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ സംയുക്ത പരിശോധനയിൽ പോലീസ് പിടികൂടി. കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച്, ആന്റി ടെററിസം സ്ക്വാഡ്, ഇന്ത്യൻ നേവി എന്നിവർ ചേർന്നാണ് ഓപ്പറേഷൻ നടത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
രണ്ട് വ്യത്യസ്ത വാടകവീടുകളിലായി ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. മെയിദി ഹസൻ (32), മുഹമ്മദ് ആസിം (39), തരേഖ് (21), സോഖിർ (17), മുഹമ്മദ് സൊഹൈൽ (33), മുഹമ്മദ് മിജാൻ എന്നിവരാണ് പിടിയിലായത്. പ്രാഥമിക അന്വേഷണത്തിൽ, എരൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ആക്രി സാധനങ്ങൾ ശേഖരിക്കുകയായിരുന്നു ഇവരുടെ ജോലിയെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. എന്നാൽ, മതിയായ രേഖകളോ നിയമാനുസൃത താമസാനുമതിയോ ഇല്ലാതെയാണ് ഇവർ സംസ്ഥാനത്ത് കഴിഞ്ഞിരുന്നത്.
സുരക്ഷാ ഏജൻസികൾ ഇവരുടെ കേരളത്തിലേക്കുള്ള പ്രവേശന മാർഗത്തെക്കുറിച്ചും, ഇവിടെയെത്താൻ സഹായിച്ച ശൃംഖലയെക്കുറിച്ചും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

