ന്യൂഡൽഹി: ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് അയർലൻഡ് പര്യടനത്തിൽ കൗതുകകരമായ ഒരു സാഹചര്യമാണ് നേരിടേണ്ടി വരുന്നത്. ടീമിനൊപ്പം ഉണ്ടെങ്കിലും സഹതാരങ്ങളുമായി ഡ്രസിങ് റൂം പങ്കിടാൻ ഈ യുവതാരത്തിന് സാധിക്കില്ല. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം പതിനാറ് വയസ്സിൽ താഴെയുള്ള താരങ്ങൾക്ക് സീനിയർ കളിക്കാർക്കൊപ്പം ഒരേ ഡ്രസിങ് റൂം ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാലാണ് വൈഭവിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.
ടീമിനൊപ്പമുള്ള യാത്രകൾക്കും പരിശീലന സെഷനുകൾക്കും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. ഐപിഎല്ലിലും മറ്റ് ആഭ്യന്തര ടൂർണമെന്റുകളിലും മുതിർന്ന താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടിട്ടുള്ള വൈഭവ് ഇത്തരമൊരു നിയമത്തെ നേരിടുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ പരമ്പര ആരംഭിക്കും മുൻപേ ഈ യുവതാരം കായികലോകത്ത് വാർത്തകളിൽ ഇടംപിടിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ലോക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവ പ്രതിഭകളിലൊരാളായി വൈഭവ് മാറിയിരുന്നു. ശ്രീലങ്ക എ ടീമിനെതിരായ ട്രൈ സീരീസ് ഫൈനലിൽ ഇന്ത്യ എയ്ക്കായി വെറും 29 പന്തിൽ 94 റൺസ് നേടിയ പ്രകടനം അദ്ദേഹത്തിന്റെ കഴിവിനെ വീണ്ടും അടിവരയിട്ടു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി വെറും 11 പന്തിൽ കുറിച്ചാണ് വൈഭവ് റെക്കോർഡ് സ്വന്തമാക്കിയത്. ആക്രമണോത്സുക ബാറ്റിങ്ങിലൂടെ എതിരാളികളെ വിറപ്പിക്കുന്ന താരം, കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

