വാഷിങ്ടൺ: ഇന്ത്യൻ വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ഏകദേശം എട്ടുമാസം നീളുന്ന ഈ ദൗത്യത്തിൽ നിർണായകമായ ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങളിലാണ് അദ്ദേഹം പങ്കാളിയാകുന്നത്. നാസയുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, 2026 ജൂലൈ 14-ന് സോയൂസ് MS-29 പേടകത്തിലാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം വിക്ഷേപിക്കപ്പെടുന്നത്. റഷ്യൻ കോസ്മൊനോട്ടുകൾക്കൊപ്പം എക്സ്പെഡിഷൻ 74/75 സംഘത്തിന്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുക.
ഏകദേശം 240 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അനിൽ മേനോൻ, ഭാവിയിലെ ചന്ദ്ര-മാർസ് ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക പരീക്ഷണങ്ങൾക്കും മനുഷ്യശരീരത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും നേതൃത്വം നൽകും. 1976-ൽ അമേരിക്കയിലെ മിന്നസോട്ടയിൽ ഇന്ത്യൻ-ഉക്രൈൻ കുടിയേറ്റ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം, എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രാവീണ്യമുള്ള ഡോക്ടറാണ്. യുഎസ് എയർഫോഴ്സിലും നാസയിലും അദ്ദേഹം ഇതിനുമുമ്പും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്പേസ് എക്സിലും നാസയുടെ മെഡിക്കൽ വിഭാഗത്തിലും പ്രവർത്തിച്ച മുൻപരിചയം അദ്ദേഹത്തിന്റെ ബഹിരാകാശ യാത്രയ്ക്ക് മുതൽക്കൂട്ടാകും. മനുഷ്യബഹിരാകാശ യാത്രകളിലെ ആരോഗ്യ-സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അനിൽ മേനോൻ മുൻകാലങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2021-ൽ നാസയുടെ പുതിയ ബഹിരാകാശയാത്രികരുടെ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2024-ൽ പരിശീലനം പൂർത്തിയാക്കിയാണ് ഈ ദൗത്യത്തിന് സജ്ജനായത്. അദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

