കാലിഫോര്ണിയ: യു.എസ് വ്യോമസേനയുടെ ബി-52 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരീക്ഷണ പറക്കലിനായി പുറപ്പെട്ട ഉടനെയായിരുന്നു അപകടം. ലോസ് ആഞ്ചലസിന് വടക്കുള്ള സൈനിക താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിലും തുടർന്നുണ്ടായ ശക്തമായ തീപിടുത്തത്തിലും വിമാനം പൂർണ്ണമായും കത്തിയമർന്നു.
സൈനികരും ഗവൺമെന്റ് കരാർ ജീവനക്കാരും ഉൾപ്പെടെ എട്ടുപേർ അപകടത്തിൽ മരിച്ചതായി സൈനിക വക്താക്കൾ സ്ഥിരീകരിച്ചു. 412-ാമത് ടെസ്റ്റ് വിങ്ങിന്റെ ഡെപ്യൂട്ടി കമാൻഡർ ജെയിംസ് ഹെയ്സ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജെയിംസ് ഹെയ്സ് വ്യക്തമാക്കി.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകാൻ ആറുമാസം വരെ സമയമെടുത്തേക്കാം. വ്യോമസേനയുടെ റഡാർ നവീകരണ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ പറക്കലിലായിരുന്നു വിമാനം ഏർപ്പെട്ടിരുന്നത്. ബി-52 ബോംബറുകളുടെ റഡാർ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2025-ൽ അവതരിപ്പിച്ച പുതിയ ‘ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ’ റഡാർ സംവിധാനത്തിന്റെ പരീക്ഷണമായിരുന്നു നടന്നിരുന്നത്. അപകടത്തെത്തുടർന്ന് എയർഫീൽഡ് താൽക്കാലികമായി അടച്ചിടുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
1955-ൽ സേവനമാരംഭിച്ച ബോയിങ് ബി-52 സ്ട്രാറ്റോഫോർട്രെസ് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും എന്നാൽ കരുത്തുറ്റതുമായ യുദ്ധവിമാനങ്ങളിലൊന്നാണ്. അഞ്ച് ജീവനക്കാരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ ലോങ് റേഞ്ച് ബോംബർ വിമാനം, ഇന്ധനം നിറയ്ക്കാതെ 14,000 കിലോമീറ്ററിലധികം ദൂരം പറക്കാൻ ശേഷിയുള്ളതാണ്. എട്ടു ജെറ്റ് എഞ്ചിനുകളുള്ള ഈ വിമാനത്തിന് 32 ടൺ വരെ ആയുധങ്ങൾ വഹിക്കാനും മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. വിയറ്റ്നാം യുദ്ധം മുതൽ മിഡിൽ ഈസ്റ്റിലെ വിവിധ സംഘർഷങ്ങൾ വരെ അമേരിക്കയുടെ നിർണായക സൈനിക നീക്കങ്ങളിൽ ഈ വിമാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.

