തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്രയും നടത്തി.
ഈ സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും, മറിച്ച് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന സുപ്രധാന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നത് വഴി കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് ഓടിച്ചത്.
പദ്ധതി നിലവില്‍ വന്നതോടെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനും സീറോ ടിക്കറ്റ് ലഭ്യമായിത്തുടങ്ങി. അതേസമയം, സാധാരണ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളില്‍ സെസ് ഈടാക്കുന്നത് കെഎസ്ആര്‍ടിസി തുടരുകയാണ്. 15 രൂപ മുതലുള്ള ടിക്കറ്റ് നിരക്കില്‍ 11 രൂപ വരെ അധികമായി ഈടാക്കുന്ന നടപടി കഴിഞ്ഞ 12 വര്‍ഷമായി തുടരുകയാണെന്നതും ശ്രദ്ധേയമാണ്.

